Wednesday, November 11, 2009

കൈ തട്ടരുത്


ഏറെ നാളായി വരച്ചുവെച്ചതാണീ ചിത്രം.
നിറം കെട്ടുപോയി
മുഖം പട്ടുപോയി
ശിരോലിഖിതങ്ങള്‍ ബാങ്കിലാണ്.

നീലയാണ് എന്റെ നിറം
പക്ഷെ കര്‍ക്കിടകാര്‍ ഒഴിയുന്നില്ല.
ചുമരില്ലാതെയാണ് ചിത്രം എഴുത്ത്്്
കണ്ണാടിയാണ് ക്യാന്‍വാസ്.
കുപ്പിവള കൈ തട്ടരുത്.

Monday, October 22, 2007

village journalism

നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമാവുക


ഈ വര്‍ഷത്തെ മാഗ്‌സസെ അവാര്‍ഡ്‌ പി. സായിനാഥിന്‌ ലഭിച്ചു. ദി ഹിന്ദു ദിനപത്രത്തിന്റെ ഗ്രാമീണ വാര്‍ത്താകാര്യ വിഭാഗം എഡിറ്ററാണ്‌. ഇന്ത്യന്‍ ഗ്രാമീണരുടെ ദുരിത ദുഖങ്ങളിലേക്ക്‌ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തിയ പത്ര പ്രവര്‍ത്തകനാണ്‌.തന്റെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ തുടര്‍ച്ചയായി തന്നെ അദ്ദേഹം വിലയിരുത്തുന്നു. പത്രപ്രവര്‍ത്തനം, സാഹിത്യം, സര്‍ഗ്ഗാത്മക സംവേദനം,എന്നീ മേഖലകളിലെ മികവാണ്‌ പരിഗണിച്ചത്‌. അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ മനിലയില്‍ അദ്ദേഹം നടത്തിയ പ്രസംഗം:

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അറുപതാം വര്‍ഷത്തിലാണ്‌.ഭാവിയുടെ ചാലകശക്തികളായി നമ്മുടെ തന്നെ നിഷ്‌കളങ്ക ജനതയെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്‌ഠിക്കുക എന്ന ലക്ഷ്യത്തോടെ പൊരുതി നേടിയ സ്വാതന്ത്ര്യം. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സാമ്രാജ്യം ആ പോരാട്ടത്തിനു മുന്നില്‍ മുട്ടു മടക്കി. ജനങ്ങള്‍ തിങ്ങി നിറഞ്ഞ നിരക്ഷരത പെരുകിയ ഒരു പുതു രാജ്യം അങ്ങിനെ പിറന്നു. പരിമിതികള്‍ക്ക്‌ ഇടയിലും ലോകത്തിനു മാതൃകയാവുന്ന ഒരു ജനാധിപത്യ ക്രമം തീര്‍ക്കാന്‍ സമര്‍പ്പിതമായിരുന്നു അവര്‍. കാഴ്‌ച ഇല്ലാത്തവന്‌ കാഴ്‌ചയും കേള്‍വി ശക്തിയില്ലാത്തവന്‌ കേള്‍വിയും നല്‍കുന്ന ഒരു ജനതയായിരുക്കും അവരെന്ന്‌ ഒരു സ്വാതന്ത്ര്യ സമരസേനാനി ദീര്‍ഘദര്‍ശനം ചെയ്‌തിരുന്നു. സമര തീക്ഷണമായ ആ തലമുറ നേട്ടങ്ങള്‍ ബാക്കിയാക്കി ഒരോരുത്തരായി പോയ്‌ മറഞ്ഞു. ഇന്ന്‌ അവശേഷിക്കുന്നത്‌ 80 ഉം 90 ഉം പിന്നിട്ട ഏതാനും പേര്‍ മാത്രം. അവരിലൊരാള്‍ എന്നേട്‌ പറഞ്ഞു കോളോണിയല്‍ ആധിപത്യത്തെ നിഷ്‌കാസനം ചെയ്യുക മാത്രമായിരുന്നില്ല നമ്മുടെ പോരാട്ടങ്ങളുടെ ലക്ഷ്യം. നമ്മുടെ പോരാട്ടം ഒരു സമുന്നത രാജ്യം കെട്ടിപടുക്കാന്‍ കൂടിയായിരുന്നു. ഒരു ഉത്തമ സമൂഹത്തിനുവേണ്ടിയായിരുന്നു. അവരുടെ തലമുറയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും അഗാധമായ ആദരവോടെ തന്നെ ഞാനീ കരുത്തുറ്റ തലമുറയെ അടയാളപ്പെടുത്തുകയാണ്‌. ഞാന്‍ ജനിക്കുന്നതിനും മുമ്പായിരുന്നു സമരതീഷ്‌ണമായ ആ കാലഘട്ടം.എങ്കിലും എന്നിലെ മൂല്യങ്ങള്‍ അടിയുറച്ചത്‌ അവരുടെ കാലഘട്ടത്തിലാണ്‌. അവരുടെ നാമത്തില്‍ അവരുയര്‍ത്തി പിടിച്ച മൂല്യങ്ങളുടെ പേരില്‍ അവരുടെ നിസ്വാര്‍ത്ഥ സമര്‍പ്പണത്തിനു മുന്നില്‍ ഞാനീ പുരസ്‌കാരം ഏറ്റു വാങ്ങുകയാണ്‌.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മഹത്തായ പോരാട്ടത്തിന്റെ ഘട്ടത്തില്‍ പത്രപ്രവര്‍ത്തന മേഖലയില്‍ ഒരു ചെറുസംഘം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അവര്‍ വഹിച്ച പങ്ക്‌ ഏറ്റവും വലുതുമായിരുന്നു. ജീവത്തായിരുന്നു ആ കാലം ഒരോ ദേശീയ നേതാക്കളും അവരവരടെ പങ്കുമായി രാഷ്ട്രീയ രംഗത്ത്‌ സജീവ സാന്നിദ്ധ്യമായി. പത്രപ്രവര്‍ത്തനത്തിലും ഉത്തരവാദിത്തം ഏറ്റെടുത്തു. നാദമില്ലാത്തവരുടെ നാദമാവാനും നിശ്ശബ്ദരാക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്താനും ചെറുതെങ്കിലും പത്രപ്രവര്‍ത്തന മേഖല ശക്തമായി നിലകൊണ്ടു. നിരോധനവും തടവും നാടുകടത്തലും തുടങ്ങി ക്രൂരമായ ഫലങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. എങ്കിലും ഇന്ത്യന്‍ പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്‌ അവര്‍ ശക്തമായ അടിത്തറ നല്‍കി. അഭിമാനകരമായ ആ പാരമ്പര്യത്തിന്റെ പേരില്‍ ഞാനീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

അന്നത്തെ തലമുറ ഏതൊരു ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിലകൊള്ളുകയും മൂല്യങ്ങള്‍ പുലര്‍ത്തുകയും ചെയ്‌തുരുന്നത്‌ ഇന്ന്‌ അവയൊന്നും അന്നത്തെ നിലയില്‍ ഭദ്രമല്ല. ഭരണഘടനാപരമായി തന്നെ സമത്വം വിഭാവനം ചെയ്യുന്ന രാഷ്ട്രമാണ്‌ നമ്മുടേത്‌. പക്ഷെ കോളനി അധിനിവേശകാലത്തേക്കാള്‍ അസമത്വം വളര്‍ന്നുകൊണ്ടിരിക്കയാണ്‌. ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ നമുക്ക്‌ നലാം സ്ഥാനമുള്ളപ്പോള്‍ മാനവ വികസന സൂചികയില്‍ 126ാം സ്ഥാനമാണ്‌. ഗ്രാമീണ കര്‍ഷകമേഖല മുഴുക്കെ പ്രതിസന്ധിയിലാണ്‌. ജനസംഖ്യയില്‍ 60 ശതമാനം കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരും ഉപജീവിക്കുന്നവരുമാണ്‌. ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ്‌ ഈ മേഖലയില്‍. ഗ്രാമീണ തൊഴില്‍ മേഖലകള്‍ എല്ലാം തകര്‍ന്നു. പതിനായിരകണക്കിന്‌ ആളുകള്‍ നഗരങ്ങളിലേക്ക്‌ ചേക്കേറുന്നു. ദശ ലക്ഷകണക്കിന്‌ ആളുകള്‍ കടക്കെണിയിലാണ്‌. സര്‍ക്കാര്‍ കണക്കില്‍ തന്നെ 112,000 ല്‍ അധികം കര്‍ഷകര്‍ കെടുതികളില്‍ നിന്നും കര കയറാനാവാതെ ജീവനൊടുക്കിയുട്ടുണ്ട. ഈ ഒരു പരിതസ്ഥിതിയില്‍ രാഷ്ട്രീയമായി സ്വതന്ത്രരായിരിക്കെ തന്നെ ലാഭേഛയുടെ തടങ്കലില്‍ കഴിയുന്ന മാധ്യമ ലോകത്തിന്റെ ചിത്രം പ്രതീക്ഷ പകരുന്നില്ല. ഒന്നാം പേജുകള്‍ സിനിമാതാരങ്ങള്‍ക്കും ഫാഷന്‍ഷോകള്‍ക്കും കുലീനരുടെ ഔന്നത്യങ്ങള്‍ വാഴ്‌ത്തുന്നതുനുമായി മാറ്റിവെച്ചിരിക്കുന്നു. അവരുടെ പടയോട്ടങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. ദേശീയ സമരങ്ങളുടെ ജ്വാല ഏറ്റവും അധികം ഏറ്റുവാങ്ങിയ ഗ്രാമങ്ങള്‍ മാധ്യമങ്ങളുടെ പരിഗണനാ പട്ടികയില്‍ നിന്നും പിന്തള്ളപ്പെട്ടു. എന്നാല്‍ ചില വ്യത്യസ്‌ത പ്രഭാവങ്ങളും കാണാം. ഞാന്‍ ജോലി ചെയ്യുന്ന ദി ഹിന്ദു ദിനപത്രം,ഹരിത വിപ്ലവകാലം മുതല്‍ക്കു തന്നെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ രേഖപ്പെടുത്തി വരുന്നു. മാനേജ്‌മെന്റുകളുടെ കേവല ലാഭേഛകള്‍ക്കും അപ്പുറം അടിസ്ഥാന പ്രശ്‌നങ്ങളില്‍ സത്യസന്ധമായ ഇടപെടലുകള്‍ നടത്തുന്ന ജേര്‍ണലിസ്റ്റുകളുണ്ട്‌. പക്ഷെ അവരെ നിരന്തരം നിരുത്സാഹപ്പെടുത്തുന്നു. എന്നിട്ടും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അടിസ്ഥാന തലത്തില്‍ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചും അവര്‍ ഉണര്‍ത്തികൊണ്ടേയിരിക്കുന്നു. പൊരുതുന്ന എന്റെയീ സഹപ്രവര്‍ത്തകരുടെ നാമത്തില്‍ ഞാനീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

പതിനാലു വര്‍ഷം മുഴുവന്‍ സമയവും ഗ്രാമീണര്‍ക്ക്‌ ഒപ്പം ചിലവഴിച്ച്‌ ലോകത്തിലെ തന്നെ ഏറ്റവും നിര്‍ധനരായ ജനതയുടെ ഉദാരതയും ലാളിത്യവും നേരിട്ട്‌ അനുഭവിക്കാന്‍ എനിക്കു കഴിഞ്ഞു. മഹാത്മാ ഗാന്ധി വിഭാവനം ചെയ്‌ത ലളിത ജീവിത മാതൃകയിലേക്കാണ്‌ അവര്‍ നിങ്ങളെ ആനയിക്കുക. അവരെയാണ്‌ വികസന പാതയില്‍ നിന്നും നാം പിന്തള്ളിയിരിക്കുന്നത്‌. അവഗണിക്കുന്നത്‌. ആശയറ്റ്‌ ദുരിതങ്ങളില്‍ തുടിക്കുന്ന ആ ജനതയോട്‌ എന്നിലെ മാനവികതയും മൂല്യ ബോധവും അത്രമേല്‍ കടപ്പെട്ടിരിക്കുന്നു. അവരുടെ പേരില്‍ ഞാന്‍ രമണ്‍ മഗ്‌സസെ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.മൊഴിമാറ്റം:എന്‍എ

Wednesday, October 17, 2007

നെപ്പോളിയന്റെ മെയ്‌ വഴക്കത്തിനു പിന്നില്‍
.................................................................................
ഓരോ വ്യക്തിയേയും അവര്‍ അനുഭവിച്ച ആശയ കുഴപ്പങ്ങളും അവരുടെ തന്നെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും

-------------------------------------------------------------------------------------
സിംഹാസനങ്ങള്‍ പട്ടുപൊതിഞ്ഞ മര ബഞ്ചുകള്‍ മാത്രമാണ്‌.
കീഴടക്കപ്പെടുന്നതിനെ ഭയന്നിരിക്കുന്നവന്‍ പരാജയം ഏറ്റുവാങ്ങുക തന്നെ ചെയ്യും.
ജനനായകര്‍ പ്രതീക്ഷകള്‍ വ്യാപാരം ചെയ്യുന്നു.
അവസരങ്ങള്‍ ഇല്ലാതെ കഴിവുകളുമില്ല.
എല്ലാ മതങ്ങളും മനുഷ്യ സൃഷ്ടമാണ്‌.
മതം എന്നാല്‍ ദരിദ്രര്‍ക്ക്‌ എതിരായ സമ്പന്നരുടെ കവചമാണ്‌.
കൊണ്ടാടപ്പെടുന്ന വ്യക്തിമാഹാത്മ്യങ്ങള്‍ സമീപസ്ഥമായാല്‍ പൊഴിഞ്ഞു പോവും.
വിപ്ലവങ്ങള്‍ക്കും തേറ്റയുണ്ട്‌.
ആധിപത്യങ്ങളോടുള്ള വിപ്രതിപത്തിയിലും അതിനോടുള്ള പ്രതിപത്തിയുണ്ട്‌.
ധീരത പ്രണയംപോലെ പ്രതീക്ഷകളാല്‍ തളിര്‍ക്കും.
വാഴ്‌ത്തുകള്‍ അറിയാവുന്നവന്‍ തന്നെ ഇകഴ്‌ത്തുകയും ചെയ്യും.
പ്രശസ്‌തി ക്ഷണികമാണ്‌ അപ്രശസ്‌തി നിത്യവും.
ഒരുകാര്യം നന്നായി ചെയ്യാന്‍ സ്വയം ചെയ്യുക.
ഭാവനയാണ്‌ ലോകത്തെ ഭരിക്കുന്നത്‌.
മരണത്തെ ഭയക്കരുത്‌, ധിക്കരിക്കുക......വെല്ലുവിളിക്കുക...ശത്രുപാളയത്തിലേക്ക്‌ ഓടിച്ചു വിടുക.
ഒരേ ശത്രുവിനോട്‌ തുടര്‍ച്ചയായി പൊരുതരുത്‌, അവന്‍ നിങ്ങളുടെ അടവുകള്‍ സ്വായത്തമാക്കും.
രക്തസാക്ഷിത്വം മരണമല്ല.
രാഷ്ട്രീയത്തില്‍ അസംബന്ധമില്ല.
രാഷ്ട്രീയത്തില്‍ പിന്‍വാങ്ങലും ഉള്‍വലിയലും കുറ്റസമ്മതങ്ങളുമില്ല.
സഹനത്തിന്‌ മരണത്തെക്കാള്‍ ധീരത വേണം.
പുരുഷന്‍ സ്വന്തം ശേഷിയെയല്ല ആവശ്യങ്ങളെയാണ്‌ വിലമതിക്കുന്നത്‌.
സ്‌ത്രീ സന്താനോല്‌പാദന യന്ത്രങ്ങളാണ്‌.
സംഗീതം മനുഷ്യന്റെ മഹത്വം അവനെക്കാള്‍ വലുതാണെന്ന്‌ കാട്ടി തരുന്നു.
ശത്രു പിഴവുകള്‍ ചെയ്യുമ്പോള്‍ തടസ്സപ്പെടുത്തരുത്‌.
ഭടന്‍മാര്‍ പടജയിക്കുമ്പോള്‍ നേതാക്കള്‍ നേടുന്നു.
അവധാന പൂര്‍വ്വം ചിന്തിക്കുക പ്രവ്രത്തിക്കേണ്ട സമയത്ത്‌ മുന്നേറുക മാത്രം ചെയ്യുക.
പൊതുജനത്തെ നിശബ്ദമാക്കാന്‍ ഏറ്‌്‌്‌്‌്‌റവും വിശേഷപ്പെട്ട ഉപകരണമാണ്‌ മതം.
സേനയാണെന്റെ രാജ്യത്തിന്റെ യഥാര്‍ത്ത കുലീനത.
യതാര്‍ത്ഥ വിജയി ശത്രുവിന്റെയും സ്വന്തം ഉള്ളിലെയും ആശയ കാലുഷ്യങ്ങളെ ജയിക്കുന്നവനാണ്‌.
ചരിത്രം സുസമ്മത നുണകളുടെ സമാഹാരമാണ്‌.
യുദ്ധം കാട്ടാളന്‍മാരുടെ വ്യാപാരമാണ്‌.
കരയുന്നവനെ ആശ്വസിപ്പിക്കാന്‍ അവനെ നോക്കി ചിരിക്കുക.
അസാദ്ധ്യമായി ഒന്നുമില്ല

Tuesday, October 9, 2007

cheramante purappad

ചേരമാന്റെ പുറപ്പാട്‌


ചരിത്രത്തില്‍ നിന്നും മിത്തിലേക്ക്‌ ഇറങ്ങിപോയ ഒരു പാവം രാജാവ്‌.ചേരമാന്‍ പെരുമാള്‍ അതു മാത്രമായിരുന്നുവോ.രാജ്യവും ചേര രാജ്യ വംശത്തിന്റെ മഹത്വവും പ്രജകള്‍ക്ക്‌ തന്നെ പതിച്ചു നല്‍കി പുറപ്പെട്ടു പോയത്‌ എന്തിനായിരുന്നു.ത്യാഗത്തിലൂടെ അദ്ദേഹം നല്‍കിയ സന്ദേശം സമ്പത്ത്‌ മാത്രമായി തിരിച്ചറിഞ്ഞ പ്രജാപരമ്പര, ചരിത്രം രാജ വംശങ്ങളുടെ കഥ മാത്രമാണെന്ന മൗഡ്യം ആവര്‍ത്തിക്കയാണ്‌.കേരള ചരിത്രത്തില്‍ ജനാധിപത്യത്തെ കുറിച്ചുള്ള ആദ്യത്തെ ഉള്‍കാഴ്‌ച ചേരമാനില്‍ നിന്നും തുടങ്ങുന്നു എന്നു പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ മഹത്തുക്കള്‍ സ്വന്തം ജീവിതം കൊണ്ട്‌ അടയാളപ്പെടുത്തി നല്‍കുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ മലയാളിയുടെ ബുദ്ധി ജീവി ഭാഷ ഇനിയും ഹൃദയ വിശാലത കൈവരിച്ചിട്ടില്ല.
ശ്രീ ബുദ്ധന്‍ ഭാര്യയും കുഞ്ഞും ഉറങ്ങി കിടക്കവേ കാലൊച്ച കേള്‍പ്പിക്കാതെയാണ്‌ വെളിപാടുകളിലേക്ക്‌ ഇറങ്ങി തിരിച്ചത്‌.യശോദരയുടെ തേങ്ങലുകള്‍ക്ക്‌ ഇന്നും മറുപടിയില്ല. ചേരമാന്‍ പെരുമാള്‍ രാജ്യ ഭരണം എന്താണെന്ന്‌ തിരിച്ചറിയാന്‍ പ്രജകളെ സ്വയം ഉണരാന്‍ വിടുകയായിരുന്നു.സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവരെ സ്വന്തം ഉത്തിവാദിത്വത്തില്‍ വിട്ടു.
മക്കയിലേക്കായാലും ഹിമാലയത്തിലേക്ക്‌ ആയിരുന്നാല്‍ പോലും സെന്‍ ഗുരുക്കന്‍മാരെ പോലെ ഭാഷയ്‌ക്കും അതീതമായി അദ്ദേഹം സ്വന്തം ജീവിതത്തെ പ്രജകള്‍ക്കുള്ള പാഠം തന്നെയായി നല്‌കുകയാണ്‌ ചെയ്‌തത്‌. സ്വന്തം ജീവിതത്തെ ഭാഷയ്‌ക്കും പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ക്കും ശൈലികള്‍ക്കും അതീതമായി രേഖപ്പെടുത്താം.